ദുബായ്: ഇറാനിൽനിന്ന് രാജ്യത്തിനുനേരേ അയച്ച ആറു ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും ഇന്നലെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ പ്രതിരോധ സംവിധാനം മൊത്തം 304 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,627 ഡ്രോണുകളും പ്രതിരോധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം അബുദാബിയിലെ അൽ ബാഹിയ ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മിസൈൽ വീണ് പലസ്തീൻ പൗരൻ മരിച്ചു. ഇതോടെ കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണങ്ങളിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി. 145 പേർക്കു പരിക്കേൽക്കുകയും ചെയ്തതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
റിയാദിലും കിഴക്കൻ പ്രവിശ്യയിലും സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു. ഇന്നലെ മാത്രം ഒന്പത് മണിക്കൂറിനിടെ എത്തിയ 64 ഡ്രോണുകൾ സൗദി വ്യോമസേന വെടിവച്ചിട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
രാജ്യത്തെ തന്ത്രപ്രധാനമായ ഊർജനിലയങ്ങളെ ലക്ഷ്യംവച്ചായിരുന്നു ഈ ആക്രമണങ്ങളെല്ലാം. പ്രത്യേകിച്ച് ഷൈബ എണ്ണപ്പാടത്തിനുനേരേ 70ലധികം ഡ്രോണുകൾ അയച്ചെങ്കിലും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്പുതന്നെ റുബ് അൽ ഖാലി മണലാരണ്യത്തിന് മുകളിൽ വച്ച് സൈന്യം വെടിവച്ചിട്ടു.
കൂടാതെ റിയാദിന് കിഴക്ക് ഖർജിലുള്ള അമീർ സുൽത്താൻ എയർബേസ്, കിഴക്കൻ പ്രവിശ്യയിലെ റാസ് തന്നൂറ റിഫൈനറി, റിയാദിലെ നയതന്ത്രപ്രതിനിധികളുടെ ക്വാർട്ടേഴ്സ്, യുഎസ് എംബസി എന്നിവിടങ്ങൾ ലക്ഷ്യമിട്ടു നടന്ന വിവിധ ആക്രമണശ്രമങ്ങളും പ്രതിരോധസേനയുടെ കരുത്തിൽ പരാജയപ്പെട്ടു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ സിവിലിയൻ പ്രദേശങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നുവെന്ന് ഖത്തർ ശൂറ കൗൺസിൽ ആരോപിച്ചു.
ആക്രമണങ്ങളിൽ 65 ശതമാനവും രാജ്യത്തെ ഊർജനിലയങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും കൗൺസിൽ വിശദീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ശൂറ കൗൺസിൽ, ഇത് ഖത്തറിന്റെ പരമാധികാരത്തിനുനേരേയുള്ള ലംഘനവും ദേശീയ സുരക്ഷ, പ്രദേശിക സമഗ്രത, ദേശീയ താത്പര്യങ്ങൾ എന്നിവയ്ക്കെതിരായ കടന്നുകയറ്റവുമാണെന്നും വ്യക്തമാക്കി.
ഇറാന്റെ ന്യായീകരണങ്ങളെ കൗൺസിൽ പൂർണമായും തള്ളിക്കളഞ്ഞു. ഇറാനുമായി ചർച്ചകൾക്ക് മുൻകൈയെടുത്ത രാജ്യമാണ് ഖത്തർ. ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സംഭാഷണങ്ങൾ സുഗമമാക്കുന്നതിന് ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നിരിക്കേ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമായി ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വഞ്ചനാപരമാണെന്നും കൗൺസിൽ വ്യക്തമാക്കി.